Timely news thodupuzha

logo

2004ലെ തെരഞ്ഞെടുപ്പിനു ശേഷം വർഗീയ ശക്തികളെ പുറത്തിരുത്താനാണ്‌ ഡോ. മൻമോഹൻ സിങ്ങിന്‌ പിന്തുണ നൽകിയത്‌; യെച്ചൂരി

മലപ്പുറം: രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ലെ തെരഞ്ഞെടുപ്പിനു ശേഷം വർഗീയശക്തികളെ പുറത്തിരുത്താനാണ്‌ ഡോ. മൻമോഹൻ സിങ്ങിന്‌ സിപിഐ എം പിന്തുണ നൽകിയത്‌.

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ്‌ സ്‌മാരക പഠന ഗവേഷണ ട്രസ്‌റ്റ്‌ സംഘടിപ്പിച്ച ‘ഇ എം എസിന്റെ ലോകം’ – ദേശീയ സെമിനാറിന്റെ ഇരുപത്തഞ്ചാമത്‌ പതിപ്പിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം ഉദ്‌ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. അതിനുള്ള പോരാട്ടത്തിൽ എല്ലാകാലത്തും പ്രകാശരശ്‌മിയാണ്‌ ഇ എം എസിന്റെ സ്‌മരണ. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം. രാജ്യത്ത്‌ മതനിരപേക്ഷത ഇന്ന്‌ അപകടകരമായ വെല്ലുവിളി നേരിടുകയാണ്‌. ഭരണഘടനയെ അട്ടിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം.

രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ച്‌ പകരം ഗോൾവാൾക്കറെയും ഗോഡ്‌സേയേയും പ്രതിഷ്‌ഠിക്കാനാണ്‌ നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ലെന്നു പറഞ്ഞത്‌ സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്‌.ബിജെപിയെയും ആർഎസ്‌എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്‌. വെറുപ്പിന്റെ വിതരണക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌.

ഒരുഭാഗത്ത്‌ ഹിജാബ്‌ ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന്‌ പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ്‌ ഉദ്‌ഘാടനവേദിയിൽപോലും കാവിവസ്‌ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട്‌ ടിപ്പുസുൽത്താനുപോകും–- എന്നാണ്‌ കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രസംഗിച്ചത്‌. പൂർണമായും മുസ്ലിംവിരുദ്ധമാണ്‌ സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക്‌ സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം–- യെച്ചൂരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *