കൊച്ചി: ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്സോ കോടതി.
വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയാണ് മോൻസൻ. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പല തവണ ലൈംഗികമായി ദുരുപയോഗം ചെയ്തത്തിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി.
മോൻസനെതിരേ രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പുറപ്പെടുവിക്കുന്ന ആദ്യത്തെ കേസാണിത്. പെൺകുട്ടിയുടെ അമ്മയാണ് മോൻസനെതിരേ പരാതി നൽകിയത്.
പോക്സോ നിയമപ്രകാരം 13 കേസുകളാണ് മോൻസനെതിരേ ചുമത്തിയിരിക്കുന്നത്. 2019 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം.
ക്രൈബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ. റസ്റ്റമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മോൻസൻറെ മാനേജരായ ജോഷിയാണ് കേസിൽ ഒന്നാം പ്രതി.
കേസിൽ മോൻസനെതിരേ ചുമത്തിയ എല്ലാ വകുപ്പുകളിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പോക്സോ ആക്റ്റ് വകുപ്പുകൾക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ (ഐപിസി 370), അന്യായമായി തടവിൽ പാർപ്പിക്കൽ(ഐപിസി 342),സ്ത്രീകൾക്കു നേരെയുള്ള അതിക്രമം (ഐപിസി 354 എ), ബലാത്സംഗം(ഐപിസി 376), സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ (ഐപിസി 313), ഭീഷണിപ്പെടുത്തൽ(ഐപിസി 506) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.
പോക്സോ നിയമം പ്രകാരമുള്ള പിഴ അടയ്ക്കാൻ സാധിക്കില്ലെങ്കിൽ ആറു മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടതായി വരും.