Timely news thodupuzha

logo

മോദിയുടെ ആരാധകനാണ് താൻ, ടെസ്‌ല ഇലക്‌ട്രിക് കാറുകൾ എത്രയും വേഗം ഇന്ത്യയിലെത്തും; ഇലോൺ മസ്ക്

ന്യൂയോർക്ക്: താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും, ടെസ്‌ല ഇലക്‌ട്രിക് കാറുകൾ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നും ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക്.

യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രതികരണം. എന്നാൽ, ടെസ്‌ല കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണോ, അതോ ഇന്ത്യയിൽ ഫാക്റ്ററി സ്ഥാപിച്ച് ഉത്പാദനം നടത്താനാണോ ഉദ്ദേശിക്കുന്നതെന്ന് മസ്ക് വ്യക്തമാക്കിയില്ല.

നിലവിൽ വിദേശനിർമിത കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നൂറു ശതമാനത്തോളം നികുതിയുണ്ട്. ഇതിൽ ഇളവ് വേണമെന്ന് മസ്ക് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.

എന്നാൽ, ഇറക്കുമതി തീരുവയിൽ ഇളവ് നൽകാനാവില്ലെന്നും, ഇന്ത്യയിൽ പ്ലാന്‍റ് സ്ഥാപിച്ച് കാർ നിർമിച്ചാൽ നിയമാനുസൃതമായ ഇളവുകൾ ലഭ്യമാക്കാമെന്നുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്.

ഈ വിഷയത്തിൽ ടെസ്‌ലയുടെയോ ഇന്ത്യയുടെയോ നിലപാടുകളിൽ എന്തു മാറ്റമാണ് വന്നിട്ടുള്ളതെന്നും വ്യക്തമായിട്ടില്ല.

വലിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള രാജ്യമാണ് ഇന്ത്യയെന്നും, അവിടെ വലിയ നിക്ഷേപങ്ങൾ നടത്താൻ തയാറാണെന്നും മസ്ക് വ്യക്തമാക്കി. ഇന്ത്യൻ വിപണിയിലുള്ള താത്പര്യവും അദ്ദേഹം മറച്ചുവച്ചില്ല.

ഊർജം മുതൽ ആത്മീയത വരെ വിവിധ വിഷയങ്ങൾ മസ്കുമായി സംസാരിച്ചെന്നാണ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *