പാലക്കാട്: പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 23 കാരന് 27 വർഷം കഠിന തടവും പിഴയും വിധിച്ച് പട്ടാമ്പി പോക്സോ കോടതി. തെങ്കര സ്വദേശി വിപിനാണ് ശിക്ഷിക്കപ്പെട്ടത്. 1,10,000 രൂപയാണ് പിഴ.
പെൺകുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചതിനു ശേഷം ഓട്ടോറിക്ഷയിൽ കൊണ്ടു പോയി നിരവധി തവണ വിപിൻ പെൺകുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ആക്റ്റ് പ്രകാരം 20 വർഷവും കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഐപിസി പ്രകാരം 7 വർഷവുമാണ് ശിക്ഷ നൽകിയിരിക്കുന്നത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. മണ്ണാർക്കാട് എസ്ഐ സുരേഷ് ബാബു, അജിത് കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.