ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബി.ജെ.പിയിൽ അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. കേരളത്തിൽ കെ. സുരേന്ദ്രനു പകരം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ അധ്യക്ഷനാക്കിയേക്കും. അങ്ങനെ വന്നാൽ നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കും.
ഇതിനോടകം നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. ലേക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്നാണ് കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ തെലങ്കാനയിൽ കേന്ദ്രമന്ത്രി ജി.കിഷൻ റെഡിയെ അധ്യക്ഷനാക്കിയതോടെയാണ് കേരളത്തിലും സമാനമായ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നത്.
ഗുജറാത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും പുരുഷോത്തം രൂപാലയുമാണ് ഗുജറാത്ത് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണയിലുള്ള പേരുകൾ. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗിനെയാണ് ജമ്മുകാശ്മീരിൽ പാർട്ടി തലപ്പത്തേക്ക് പരിഗണിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പാടുപെടുന്ന കർണാടകയിൽ അധ്യക്ഷസ്ഥാനം അനിശ്ചിതത്വത്തിലാണ്.