തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്.
മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിൻറെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കേരളതീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.