ന‍്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രിക്കെതിരേ പ്രതിഷേധം രൂക്ഷം. ഒരു പൊതുസമ്മേളനത്തിനിടെ ബിജെപി എംപിയും ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധപ്പെടുത്തി സോഫിയ ഖുറേഷിയെ പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ടു തന്നെ പ്രധാനമന്ത്രി പാഠം പഠിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിജയ് ഷായെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ‍്യപ്പെട്ടു.
അതേസമയം മാപ്പ് പറഞ്ഞ് വിഷയത്തിൽ നിന്നും തടിയൂരാൻ ഷാ ശ്രമിച്ചു. രാജ‍്യത്തിനു വേണ്ടിയുള്ള സോഫിയ ഖുറേഷിയുടെ സേവനത്തെ അഭിവാദ‍്യം ചെയ്യുന്നുവെന്നും അവരെ അപമാനിക്കുന്നതിനെ പറ്റി സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൻറെ വാക്കുകൾ മതത്തെയും സമൂഹത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ 10 തവണ ക്ഷമാപണം നടത്താൻ തയാറാണ് മന്ത്രി പിന്നീട് പറഞ്ഞു.