ഇടുക്കി: മണിപ്പൂരിലെ ജനങ്ങളുടെ ജീവൻ പണയം വച്ച് വർഗ്ഗീയതയും വംശീയതയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഭരണാധികാരികൾ സ്വീകരിച്ചു വരുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു പറഞ്ഞു. സി.ആർ.പി.എഫിന്റെയും പോലീസിന്റെയും ആയുധങ്ങൾ കൊള്ളയടിച്ച് അതുപയോഗിച്ച് കൊലപാതകം കൊള്ളയുമുൾപ്പെടെ യുദ്ധസമാനമായ സാഹചര്യം മണിപ്പൂരിലുണ്ടായപ്പോൾ അത് അമർച്ച ചെയ്യേണ്ടവർ നോക്കുകുത്തികളായി നില്ക്കുന്നത് ലോകത്തിനു മുന്നിൽ ഭാരത ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്ക്കുവാൻ കാരണമായിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പമെന്ന പേരിൽ മഹിളാ കോൺഗ്രസ് ഇടുക്കിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം മിനി സാബു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സമ്മേളനത്തിൽ നേതാക്കളായ കുഞ്ഞുമോൾ ചാക്കോ, ആൻസി തോമസ്, മണിമേഖല, ഷൈനി സണ്ണി ചെറിയാൻ, രാധാ പ്രഭാകരൻ, വത്സമ്മ ജോസ്, ശ്യാമള വിശ്വനാഥൻ, ആലീസ് ജോസ്, സാലി ബാബു, തുളസിബായി, ആൻസി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.