Timely news thodupuzha

logo

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാസ

ന്യൂയോര്‍ക്ക്: ചൊവ്വ ഗ്രഹത്തില്‍ ഏതോ കാലത്ത് ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലുമായി നാസ. നാസയുടെ മാര്‍സ് റോവറായ പെഴ്‌സെവറന്‍സ് നല്‍കിയ വിവരങ്ങളില്‍നിന്നാണ് ജൈവ തന്മാത്രകളുടെ സാന്നിധ്യത്തിലേക്കുള്ള സൂചന ലഭിച്ചത്.

എന്നാല്‍, ഇവിടെ നിലവില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇതിനര്‍ഥമില്ല. ഒരുകാലത്ത് ജീവന്‍ നിലനിന്നിരിക്കാമെന്നു മാത്രമാണ് അനുമാനിക്കാന്‍ സാധിക്കുന്നത്. 2021ല്‍ ആരംഭിച്ചതാണ് പെര്‍സെവറന്‍സ് ദൗത്യം. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അവലോകനം ചെയ്യുന്ന ഗവേഷകരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ വംശജയും നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞയുമായ ഡോ.സുനന്ദ ശര്‍മ കൂടി ഉള്‍പ്പെട്ട സംഘത്തിന്റേതാണ് ഇപ്പോഴത്തെ സുപ്രധാനമായ കണ്ടെത്തല്‍. ക്രിയേറ്റിവ് ബയോളജിസ്റ്റായ സുനന്ദ, മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പി.എച്ച്.‍‍‍ഡി നേടിയത്.

പെര്‍സെവറന്‍സില്‍ നിന്നു നിന്നു വിവരങ്ങള്‍ ശേഖരിച്ച് പഠനങ്ങള്‍ നടത്തുന്ന സംഘത്തില്‍ നിര്‍ണായക പങ്കുള്ള ഗവേഷകയാണ് സുനന്ദ. പെര്‍സെവറന്‍സിലെ ഉപകരണങ്ങളില്‍ ഒന്നായ ഷെര്‍ലക്കില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് ജൈവ തന്മാത്രകളുടെ സാന്നിധ്യം ഉറപ്പിച്ചത്. ചൊവ്വയിലെ ജെസീറോ ക്രേറ്റര്‍ മേഖലയിലെ 10സ്ഥലങ്ങളില്‍ നിന്നു ഷെര്‍ലക്ക് ശേഖരിച്ച സാമ്പിളുകളിലാണ് ഇതുണ്ടായിരുന്നത്.

എന്നാല്‍, ഈ തന്മാത്രകള്‍ കണ്ടെത്തിയതു കൊണ്ടു മാത്രം ചൊവ്വയില്‍ ജീവനുണ്ടായിരുന്നെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജീവനുമായി ബന്ധമില്ലാത്ത രാസപ്രവര്‍ത്തനങ്ങളാലും ഇത്തരം തന്മാത്രകള്‍ രൂപംകൊള്ളാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked *