കാസർഗോഡ്: കാഞ്ഞങ്ങാട് നടന്ന മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്.
ലീഗ്- യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിൻ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ നേരത്തെ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയുന്ന മുന്നൂറോളം പ്രവർത്തകർക്കെതിരേയാണു ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് പ്രശാന്ത് നൽകിയ പരാതിയിലാണു കേസ്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ടൗണിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സംസ്ഥാനവ്യാപകമായി നടന്ന മണിപ്പുർ ഐക്യദാർഢ്യ ദിനാചരണത്തിൻറെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന റാലിയിലാണു പ്രകോപനപരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ മുദ്രാവാക്യം ഉയർന്നത്.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്ത റാലിയിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്തും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു.
കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരേ നിയമപരമായി മുന്നോട്ടു പോകുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിക്കുന്ന വിഡിയൊ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശക്തമായ പ്രതിഷേധവുമുയർന്നു.
കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോ എന്ന കുറിപ്പോടെ ബിജെപി വക്താവ് അമിത് മാളവ്യ അടക്കമുള്ളവർ വിഡിയൊ ഷെയർ ചെയ്തിരുന്നു.
അതേസമയം മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്നു പുറത്താക്കിയതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് അറിയിച്ചു.
ലീഗിൻറെ ആശയങ്ങൾക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്നു വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണു പാർട്ടി കണക്കാക്കുന്നതെന്നു പി. കെ. ഫിറോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.