ന്യൂഡൽഹി: ഈ വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പുരുഷ – വനിതാ ഫുട്ബോൾ ടീമുകൾക്ക് അനുമതി ലഭിച്ചു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സന്തോഷ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ മാനണ്ഡമനുസരിച്ച് രണ്ടു ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാവില്ലെന്നാണ് നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
എന്നാൽ, രാജ്യത്തെ ഫുട്ബോൾ ആരാധകരുടെയും മുൻ താരങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും നിരന്തരമായ അഭ്യർഥനകളും അഭിപ്രായങ്ങളും മാനിച്ച് തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാർ തയാറാകുകയായിരുന്നു.
സുനിൽ ഛേത്രിയും ആശാലതാ ദേവിയും നയിക്കുന്ന ടീമുകൾ മികച്ച ഫോമിൽ കളിക്കുന്ന സമയമാണിത്. ഇരു ടീമുകൾക്കും വേണ്ടി ചട്ടങ്ങളിൽ ഇളവ് നൽകുകയായിരുന്നു എന്നും ഠാക്കൂറിന്‍റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
കായിക മന്ത്രാലയത്തിന്‍റെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ലെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും വിശദീകരണം.
ഇന്ത്യൻ ഫുട്ബോൾ ടീമുകളുടെ ഏഷ്യൻ റാങ്കിങ് തൃപ്തികരമല്ലാത്തതാണ് ഗെയിംസിൽ പങ്കെടുപ്പിക്കുന്നതിനെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എതിർക്കാൻ കാരണം.
ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടിനുള്ളിലുള്ളവരെ മാത്രം ഏഷ്യൻ ഗെയിംസിന് അയച്ചാൽ മതിയെന്നായിരുന്നു കായിക മന്ത്രാലയത്തിന്‍റെ മുൻ തീരുമാനം. ഇതേ കാരണത്താൽ, കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെംയിസിലും ഇന്ത്യൻ ഫുട്ബോൾ ടീമിനു പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
നിലവിൽ പതിനെട്ടാണ് ഏഷ്യയിൽ ഇന്ത്യയുടെ റാങ്കിങ്. ലോകകപ്പിൽ പതിവുകാരായ ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള പ്രമുഖ ടീമുകൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നുമുണ്ട്.
അതേസമയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും ടീമുകളെ ഗെയിംസിന് അയയ്ക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുക വരെ ചെയ്തിരുന്നു.
ഏഷ്യൻ ഗെയിംസിൽ പ്രധാനമായും അണ്ടർ-23 ഫുട്ബോൾ താരങ്ങളെയാണ് പങ്കെടുപ്പിക്കുന്നത്. അതിനു മുകളിൽ പ്രായമുള്ള മൂന്നു പേരെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ.
ഈ മൂന്നു പേർ ആരൊക്കെയായിരിക്കും എന്നറിയാനാണ് ആരാധകർ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുരുഷ ടീം സമീപകാലത്ത് ഇന്‍റർകോണ്ടിനെന്‍റൽ കപ്പും സാഫ് കപ്പും സ്വന്തമാക്കിയിരുന്നു. ഇതോടെ ലോക റാങ്കിൽ നൂറിനുള്ളിലുമെത്തി. വനിതാ ടീം ഒളിംപിക് യോഗ്യതാ മത്സരങ്ങളുടെ റൗണ്ടിലും കടന്നിട്ടുണ്ട്.