ആലുവ: തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ ആറുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ ബിഹാറുകാരൻ കസ്റ്റഡിയിൽ. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന അസംകാരൻ തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്.
തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. വെള്ളി പകൽ മൂന്നിനാണ് സംഭവം. അസംകാരനൊപ്പം പെൺകുട്ടി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
ഇയാളെ വെള്ളി രാത്രി 11ന് ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്ന് ആലുവ ഈസ്റ്റ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ, കുട്ടിയെ കണ്ടെത്താനായിട്ടില്ല. പൊലീസ് രാത്രി വൈകിയും ഇയാളെ ചോദ്യം ചെയ്‌തു.
എന്നാൽ, പ്രതി മദ്യലഹരിയാണെന്നാണ് വിവരം.ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകൾനിലയിൽ രണ്ടുദിവസംമുമ്പാണ് ഇയാൾ താമസത്തിനെത്തിയത്.കുട്ടിയെ തട്ടിയെടുത്തശേഷം ഇയാൾ തൃശൂരിലേക്ക് ബസിൽ കയറി പോയെന്ന സംശയത്തിൽ തൃശൂർ, ചാലക്കുടി പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തി.
ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിക്കുകയാണ്. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്.