കൊല്ലം: ദേശീയപാത 66ന്റെ വികസനം പുരോഗമിക്കുമ്പോൾ എങ്ങും പുത്തൻ കാഴ്‌ചകൾ. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സ്ഥിരംകാഴ്‌ചകളും അടയാളങ്ങളുമെല്ലാം പോയ്‍മറഞ്ഞു. സർവീസ് റോഡുകളുടെ നിർമാണത്തിനൊപ്പം സ്വകാര്യവ്യക്‌തികളുടെ കെട്ടിട നിർമ്മാണവും എങ്ങും തകൃതിയാണ്.
വീടുകൾ പുതുക്കിപ്പണിയുന്നതിനൊപ്പം രണ്ടുമുറിക്കടയും ഉൾപ്പെടെയാണ് നഷ്‌ടപരിഹാരം ലഭിച്ചവർ നിർമിക്കുന്നത്. ദേശീയപാതയുടെ ഇരുവശത്തുമായി ഇത്തരത്തിൽ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളാണ് ഉയർന്നത്. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ വേഗതകൂട്ടാൻ കർശന ഇടപെടലാണ് ഫീഡ്‌ബാക്ക് കമ്പനി നടത്തിയത്.
കൊറ്റുകുളങ്ങര – കൊല്ലം ബൈപാസ് റീച്ചിലായിരുന്നു നിർമാണത്തിന് ഏറ്റവും വേഗത കുറവായിരുന്നത്. ഇത് ഉൾപ്പെടെ കൊല്ലം ബൈപാസ് – കടമ്പാട്ടുകോണം റീച്ചിലും നിർമാണത്തിന് വേഗത കൂട്ടിയിട്ടുണ്ട്. മങ്ങാട് മെയിൻറോഡ് ടാറിങ്ങ് ആരംഭിച്ചു. നാലുവരിപ്പാതയിലാണ് മെയിൻറോഡ്.
ഇരുവശങ്ങളിലായി ഓരോവരി സർവീസ് റോഡുമുണ്ട്. സർവീസ് റോഡിന്റെ ടാറിങ്ങും പുരോഗമിക്കുകയാണ്.കലക്‌ടർ അഫ്‌സാന പർവീൺ നിർമാണം വിലയിരുത്തി.
നഷ്‌ടപരിഹാരം കൈപ്പറ്റിയിട്ടും ഒന്നോരണ്ടോ സ്ഥലങ്ങളിൽ പൊളിച്ചുമാറ്റാനുള്ള നിർമാണങ്ങൾ അവശേഷിക്കുന്നുണ്ട്. പോരൂക്കര, നീണ്ടകര, കൊട്ടിയം എന്നിവിടങ്ങളിൽ ആരാധനാലയങ്ങളുടെ നിർമാണങ്ങൾ കഴിഞ്ഞദിവസം എൻ.എച്ച്.എ.ഐ ലെയ്‌സൺ ഓഫീസർ എം.കെ.റഹ്‌മാന്റെ നേതൃത്വത്തിൽ നീക്കം ചെയ്‌തു.