തൃശൂർ: പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിൻറെ ലൈസൻസ് റദ്ദാക്കി എക്സൈസ് കമ്മീഷണർ. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിൻറെ ലൈസൻസാണ് റദ്ദാക്കിയത്. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഈ മാസം രണ്ടിനാണ് സംഭവം. ആൺസുഹൃത്തിനൊപ്പം സ്നേഹതീരം ബീച്ചിലെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു.
തുടർന്ന് പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തു. പൊലീസ് വിവരം തിരക്കിയതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു.
റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഷാപ്പ് നടത്തിയിരുന്ന ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള മറ്റ് ആറ് ഷാപ്പുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.