തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിന്ദുമത വിശ്വാസത്തെ തള്ളിപറയുകയും മുസ്ലീം വിശ്വാസങ്ങളെ പിന്തുണയ്ക്കുകയുമാണ് ഷംസീർ ചെയ്യുന്നത്.
അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോ, ഖുറാനെ തള്ളിപ്പള്ളിപ്പറയാൻ സ്പീക്കർ തയാറാവുമോ, ഇല്ല പറഞ്ഞാൽ കൈയ്യല്ല, എല്ലാം വെട്ടുമെന്ന് ഷംസീറിന് നന്നായി അറിയാം.
എന്തുകൊണ്ടാണ് സി.പി.എം ഷംസീറിനെ തിരുത്താത്തതെന്നും ചോദിച്ച അദ്ദേഹം ഷംസീറും മുഹമ്മദ് റിയാസും സി.പി.എമ്മിന്‍റെ ചാവേറുകളാണെന്നും ആരോപിച്ചു. വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ എ.കെ.ബാലന് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും പറഞ്ഞ അദ്ദേഹം കുഞ്ഞാലിക്കുട്ടിയേയും മുസ്ലീം ലീഗിനെയും ഭയന്നിട്ടാണോ കോൺഗ്രസ് മിണ്ടാത്തതെന്നും പരിഹസിച്ചു. ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സന്ദർഭങ്ങളിലാണ് ആളുകളുടെ മനസിലിരുപ്പുകൾ മനസിലാവുന്നത്. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ഹിന്ദുമതം.
ഹിന്ദുക്കളുടെ വിഷയമാണ് എൻ.എസ്.എസ് ഉയർത്തുന്നതെന്ന് പറഞ്ഞ കെ.സുരേന്ദ്രൻ, എൻ.എസ്.എസിന്‍റെ നാമജപ ഘോഷയാത്രയിൽ ബി.ജെ.പിയും അണിചേരുമെന്ന് വ്യക്തമാക്കി.