വാഷിങ്ങ്ടൺ: 2020 യു.എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ നാലു കുറ്റങ്ങൾ കൂടി ചുമത്തി. ഇരുപത് വർഷങ്ങൾ വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിൽ ജോബൈഡനോടുള്ള തോൽവി ഒഴിവാക്കുന്നതിനു വേണ്ടി പ്രസിഡൻറ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മർദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വ്യക്തമാക്കി. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡൻറു കൂടിയാണ് ട്രംപ്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളെ നിക്ഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഒരു വ്യാജ കുറ്റപത്രം കൂടി ജാക്ക് സ്മിത്ത് കൊണ്ടുവന്നു എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
ഇതിനു മുമ്പ് ട്രംപിന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് അറസ്റ്റ് ചെയ്തത്. ട്രംപിനെതിരെ 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി വ്യക്തമാക്കുകയും ചെയ്തു.