തിരുവനന്തപുരം: 50 ശതമാനം ഗ്രാമീണവീട്ടിലും കുടിവെള്ള കണക്‌ഷനെന്ന നേട്ടം സ്വന്തമാക്കി കേരളം. ജലജീവൻ മിഷൻ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പാണ് നേട്ടത്തിനു പിന്നിൽ. ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പ് വഴിയാണ് കുടിവെള്ളം എത്തിച്ചത്.
100 വില്ലേജും 78 പഞ്ചായത്തും നൂറുശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ഹർ ഘർ ജൽ പദവിയും നേടി. 2020ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. 2024ൽ മുഴുവൻ വീട്ടിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം.
വാട്ടർ അതോറിറ്റി, ജലനിധി, ഭൂജലവകുപ്പ് എന്നിവയാണ് നിർവഹണ ഏജൻസികൾ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണ് നൽകേണ്ടത്. എന്നാൽ, സംസ്ഥാനത്ത് 100 ലിറ്ററാണ് കണക്കാക്കിയിരിക്കുന്നത്. 53.34 ലക്ഷം കുടിവെള്ള കണക്‌ഷനായി 40,203.61 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭ്യമായത്.
ഇതുവരെ 7737.08 കോടി രൂപ ചെലവഴിച്ചു. 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം. 5000 കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡ് പരിശോധനാ കിറ്റ് ഉപയോഗിച്ച് ജല ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരിശീലനവും നൽകി.
വെല്ലുവിളികൾ ഏറ്റെടുത്ത് 50 ശതമാനം കുടിവെള്ള കണക്‌ഷൻ പൂർത്തിയാക്കിയ നിർവഹണ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തെ മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു.