Timely news thodupuzha

logo

കനേഡിയൻ പ്രധാനമന്ത്രിയും ഭാര്യയും വിവാഹ മോചിതരാവുന്നു

ടൊറന്‍റോ: വിവാഹ മോചനത്തിനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും. ബുധനാഴ്ചയാണ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. 18 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.

നിയമപരമായി വേർപിരിയുന്നതിനുള്ള കരാറിൽ ഇരുവരും ഒപ്പിട്ടതായാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. മുൻ മോഡലും ടിവി അവതാരകയുമായി സോഫിയെ 2005ലാണ് ട്രൂഡോ വിവാഹം കഴിക്കുന്നത്. 2015ൽ ട്രൂഡോ അധികാരത്തിലേറി. ഇരുവരും ക്യാനഡ‍യിലെ ജനങ്ങളുടെ ഹൃദയം കൈയടക്കിയ മാതൃകാദമ്പതികളായിരുന്നു.

സേവ്യർ, എല്ല ഗ്രേസ്, ഹാഡ്രീൻ എന്നീ മൂന്നു മക്കളാണ് ഇവർക്കുള്ളത്. അർഥവത്തും അതേസമയം കഠിനവുമായ നിരവധി സംഭാഷണങ്ങൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു.

എന്നത്തേയും പോലെ തുടർന്നും അഗാധമായ സ്നേഹവും പരസ്പര ബഹുമാനവും നിലനിർത്തുമെന്നാണ് ഇരുവരും വിവാഹമോചനവാർത്ത പങ്കു വച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഒട്ടാവയിലെ വസതിയിൽ തന്നെ ട്രൂഡോയും കുട്ടികളും തുടർന്നേക്കും. സോഫി മറ്റൊരു കോട്ടേജിലേക്കു മാറുമെന്നും അത്യാവശ്യ സാഹചര്യങ്ങളിലും അവധിക്കാലത്തും കുട്ടികൾക്കു വേണ്ടി പഴയ വസതിയിൽ എത്തുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ. ‌

കുറച്ചു കാലമായി സോഫി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. അപൂർവം ചില വിദേശ പര്യടനങ്ങളിൽ മാത്രമാണ് ട്രൂഡോയ്ക്കൊപ്പമുണ്ടായിരുന്നതും.

കഴിഞ്ഞ മാസം ഒട്ടാവയിൽ നടന്ന ക്യാനഡ ഡേയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പങ്കെടുത്തത്. പ്രധാനമന്ത്രിയായിരിക്കേ വിവാഹമോചനം നടത്തുന്ന ക്യാനഡയിലെ രണ്ടാമത്തെ വ്യക്തിയാണ് ട്രൂഡോ. ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയാണ് ഇതിനു മുൻപ് പ്രധാനമന്ത്രിയായിരിക്കേ വിവാഹമോചനം നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *