ന്യൂഡൽഹി: കരാർ നിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി. മറ്റേണിറ്റി ബെനിഫിറ്റ്‌സ് ആക്ടിലെ അഞ്ചാംവകുപ്പ് തൊഴിൽ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജനക്‌പുരിയിലെ ക്ലിനിക്കിൽ കരാർഅടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാഡോക്ടർക്ക് മൂന്നുമാസത്തിനകം പ്രസവാനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക് നിയമനം ലഭിച്ച ഡോക്ടർ 2017 ജൂൺ ഒന്നുമുതൽ പ്രസവാവധിക്ക് അപേക്ഷിച്ചു. എന്നാൽ, ജൂൺ 11ന് മൂന്നുവർഷത്തെ കരാർകാലാവധി പിന്നിട്ടെന്നും കരാർ പുതുക്കുന്നില്ലെന്നും അറിയിച്ച് അധികൃതർ പ്രസവാനുകൂല്യം നിഷേധിച്ചു. ഈ നടപടി ചോദ്യം ചെയ്‌ത് ഡോക്ടർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങൾമാത്രം നൽകിയാൽ മതിയെന്നായിരുന്നു ഉത്തരവ്.
ഇതിന് എതിരായാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഗർഭിണിയായ അവസരത്തിൽ പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്‌താലും മെറ്റേണിറ്റി ബെനിഫിറ്റ്‌സ് ആക്ട് 12(2എ) വകുപ്പ് അനുസരിച്ച് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന വ്യവസ്ഥ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ജോലി ചെയ്‌ത കാലത്തിനും അപ്പുറത്തേക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന സംവിധാനം നിയമത്തിനകത്തുതന്നെയുള്ള സാഹചര്യത്തിൽ അതിനെ ജോലി ചെയ്‌തിരുന്ന കാലത്തേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.