Timely news thodupuzha

logo

മാതൃയാനം പദ്ധതി സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും നടപ്പാകുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി.

തിരുവനന്തപുരവും കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലും ആരംഭിക്കുന്നു. എസ്എടിയിൽ മാതൃയാനം പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചിട്ടുണ്ട്.

28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്എടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ നടക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്എടിയിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.

തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി ജനങ്ങൾ എസ്എടിയിൽ എത്തുന്നുണ്ട്. അവർക്ക്‌ വീട്ടിലേയ്ക്കുള്ള ദീർഘദൂര യാത്ര ചെലവേറിയതാണ്‌. അത്തരക്കാർക്കെല്ലാം സഹായകരമാകുന്നതാണ്‌ പദ്ധതി.

Leave a Comment

Your email address will not be published. Required fields are marked *