Timely news thodupuzha

logo

തമിഴ്‌നാട് ഗവർണർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രിയുടെ മകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് നിർത്തലാക്കാനുള്ള ബില്ലിനെ എതിർത്തതിനെ തുടർന്ന് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ.

കേന്ദ്ര പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്‌ട‌ർമാരും നടത്തിയ ഏകദിന നിരാഹാര സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്‌തത്.

തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാൽ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആർ എൻ രവി അല്ല, ആർഎസ്എസ് രവിയാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാന അസംബ്ലി അംഗീകരിച്ച എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു “പോസ്റ്റ്മാൻ” എന്നതല്ലാതെ ഗവർണർക്ക് മറ്റൊരു റോളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയിൽ രണ്ടുതവണ വിജയിക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് 13നു ചെന്നൈയിൽ 19 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്‌തതിനു പിന്നാലെ പിതാവും ജീവനൊടുക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ഇതു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *