Timely news thodupuzha

logo

ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌; എം.സി.ഖമറുദ്ദീന്റെ സ്വത്തു കണ്ടുകെട്ടാൻ ഉത്തരവ്

കാസർകോട്: ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ എം.എൽ.എയുമായ എം.സി.ഖമറുദ്ദീൻ അടക്കമുള്ളവരുടെ സ്വത്തുക്കൾ കണ്ടുകകെട്ടാൻ സർക്കാർ ഉത്തരവ്.

കമ്പനിയുടെ എം.ഡി പൂക്കോയ തങ്ങൾ, ചെയർമാൻ എം.സി.കമറുദ്ദീൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.


അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്.പി പി.സദാനന്ദന്റെ റിപ്പോർട്ടിൻ മേലാണ് നടപടി.

നിക്ഷേപത്തട്ടിപ്പ് കേസിൽ ബഡ്‌സ്‌ നിയമം -2019 ലെ ഏഴാം വകുപ്പിൽ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷകസംഘം പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടുന്നത്‌. ഫാഷൻ ഗോൾഡിന്റേതായി പയ്യന്നൂർ ടൗണിൽ ആറുകോടി രൂപ വിലയുള്ള നാല്‌ കടമുറി, ബംഗളൂരു സിലിഗുണ്ടെ വില്ലേജിൽ എംഡി പൂക്കോയതങ്ങളുടെപേരിലുള്ള 10 കോടി രൂപയുടെ ഒരേക്കർ ഭൂമി, കാസർകോട്‌ ടൗൺ പതിനൊന്നാം വാർഡിൽ ഖമർ ഗോൾഡിനായി എം സി ഖമറുദ്ദീന്റെയും പൂക്കോയതങ്ങളുടെയും പേരിൽ വാങ്ങിച്ച അഞ്ചുകോടി രൂപയുള്ള നാല് കടമുറി എന്നിവ കണ്ടുകെട്ടും.

ഇതോടൊപ്പം, തൃക്കരിപ്പൂർ എടച്ചാക്കൈയിൽ രണ്ടു കോടി വിലയുള്ള ഖമറുദ്ദീന്റെ വീടും പറമ്പും ചന്തേരയിൽ പൂക്കോയതങ്ങളുടെ പേരിലുള്ള ഒരുകോടിയുടെ വീടും പറമ്പും കണ്ടുകെട്ടും.ഫാഷൻ ഗോൾഡ് അടച്ചുപൂട്ടിയശേഷം നിക്ഷേപകർ പരാതിയുമായെത്തിയതോടെ ഈ വസ്തുക്കൾ നിയമവിരുദ്ധമായി പലരുടെയും പേരിലേക്ക് കൈമാറ്റംചെയ്തതായി അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്.

നാല് ജ്വല്ലറികളുടെപേരിൽ എഴുനൂറിലധികം പേരിൽനിന്നാണ് നിക്ഷേപം സ്വീകരിച്ചത്. 168 പേരാണ് പരാതി നൽകിയത്. ഇവർക്ക്‌ 26.15 കോടി നൽകാനുണ്ടെന്നാണ്‌ കണക്ക്‌.

Leave a Comment

Your email address will not be published. Required fields are marked *