
തൃശൂർ: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എം.എൽ.എയുടെ വീട്ടിൽ ഇ.ഡി ഇന്നലെ നടത്തിയ റെയ്‌ഡിനു പിന്നാലെ അദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി റിപ്പോർട്ടുകൾ.
മൊഴിതീൻറെ 2 അക്കൗണ്ടുകളിലായി 31 ലക്ഷത്തോളം രൂപയുള്ളതായാണ് വിവരം. കൂടാതെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി ഉടൻ തന്നെ നോട്ടീസ് അയയ്ക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരം ബന്ധമുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ.
ക്രമക്കേടുകൾക്കായി കരുവന്നൂർ ബാങ്കിൽ 2 രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും കണ്ടെത്തലുകളുണ്ട്. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽ നിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇ.ഡിക്കു സൂചന ലഭിച്ചത്.
25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീൻറെ ബിനാമികളാണെന്ന് ഇ.ഡിക്ക് ആദ്യ ഘട്ടത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു റെയ്‌ഡിലേക്ക് എത്തിയത്.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 5ഓടെയാണ് പൂർത്തിയായത്.