Timely news thodupuzha

logo

അടച്ചുപൂട്ടൽ ഭീഷണിയിൽ ആകാശവാണി ദേവികുളം നിലയം: കത്ത് നൽകി എം.പി

ഇടുക്കി: ജില്ലയിലെ ഏക റേഡിയോ സ്റ്റേഷനായ ആകാശവാണി ദേവികുളം നിലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. നിലവിൽ പ്രോഗ്രാം ഹെഡും പ്രോഗ്രാം എക്സിക്യൂട്ടീവുമായി സേവനമനുഷ്ഠിക്കുന്ന മാത്യു ജോസഫ് ഈ ബുധനാഴ്ച വിരമിക്കുന്നതോടെയാണ് നിലയം അടച്ചു പൂട്ടൽ ഭീഷണിയെ നേരിടുന്നത്.

നിലയത്തിന്റെ പ്രവർത്തനം നിർത്തരുതെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കാത്ത് നൽകി. നിലയം ഇടുക്കിയുടെ സാംസ്കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി.

1994 ലാണ് ദേവികുളം നിലയം പ്രവർത്തനം ആരംഭിക്കുന്നത്. 31 വർഷത്തിലേറെയായി മൂന്നാർ പ്രദേശത്തെ ആദിവാസി ഗ്രാമങ്ങളിലും തേയിലത്തോട്ടങ്ങളിലും അവിഭാജ്യ ഘടകമാണ് ദേവികുളം നിലയം. ദിവസവും വൈകുന്നേരം 4:25 മുതൽ രാത്രി 11:10 വരെയാണ് പ്രക്ഷേപണം.

തമിഴ്, മലയാളം ഭാഷകളിൽ വിവിധ പരിപാടികൾ സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നു. വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാർത്തകൾ, വിനോദം, സമൂഹ ബന്ധം എന്നിവയുടെ പ്രാഥമിക ഉറവിടമായി ഇപ്പോഴും സ്റ്റേഷൻ തുടരുന്നുവെന്ന് എംപി പറഞ്ഞു.

ഡിജിറ്റൽ റേഡിയോ നാടകം നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ ആണ് എന്ന പ്രത്യേകതയും ആകാശവാണി ദേവികുളം നിലയത്തിനുണ്ട്. നിലവിലെ പ്രോഗ്രാം ഹെഡ് വിരമിക്കുമ്പോൾ സ്റ്റേഷന് നേതൃത്വവുമില്ലാത്ത അവസ്ഥ വരും.

20 ഓളം താൽക്കാലിക തൊഴിലാളികളും സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. നിലയം അടച്ചുപൂട്ടുന്നത് ഇവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും, കേന്ദ്ര സർക്കാർ ഉടൻ തന്നെ നിലയത്തിൽ മേധാവിയെ നിയമിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *