ബാങ്കോക്ക്: ഫ്യൂ തായ് പാർടി നേതാവും റിയൽ എസ്‌റ്റേറ്റ് ഭീമനുമായ സ്രെത്ത താവിസിൻ തായ്‌ലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ അദ്ദേഹം ആവശ്യമായ വോട്ട് നേടിയതായാണ് വിവരം.

ഭൂരിപക്ഷം തെളിയിക്കാൻ 375 വോട്ടാണ് വേണ്ടിയിരുന്നത്. എന്നാൽ, 20 വോട്ട് കൂടി ചെയ്യാൻ ബാക്കിയിരിക്കെ, എംപിമാരിലൊരാൾ സഭയിൽ കുഴഞ്ഞു വീണു.

അതോടെ വോട്ടെടുപ്പ് നിർത്തിയെങ്കിലും സ്രെത്ത വിജയം ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്രെത്തയുടെ വിജയത്തോടെ രാജ്യത്ത് മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അറുതിയാകുന്നത്.
മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച മൂവ് ഫോർവേർഡ് പാർടിയുടെ സർക്കാർ രൂപീകരണശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. തുടർന്നാണ് രണ്ടാംസ്ഥാനക്കാരായ ഫ്യൂ തായ് പാർടിക്ക് അവസരം ലഭിച്ചത്.
മുൻപ്രധാനമന്ത്രി പ്രയൂത് ചനോചയുടെ മുന്നണിയിൽ ഉണ്ടായിരുന്ന രണ്ട് സൈന്യാനുകൂല പാർടികൾ ഉൾപ്പെടെ 11 കക്ഷികളാണ് സ്രെത്തയുടെ മുന്നണിയിൽ ഉള്ളത്.