തിരുവനന്തപുരം: നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ 26ന് വൈകിട്ട് 3.30ന് ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.
ബാക്കി ബസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കൈമാറുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും തദ്ദേശ മന്ത്രി എം.ബി.രാജേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്ലാഗ് ഓഫ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചടങ്ങിൽ നിർവഹിക്കും.
ആദ്യ ഇ- ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ. അനിലും ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശിയുടെ പ്രകാശനം ശശി തരൂർ എം.പിയും നിർവഹിക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ട് ഹൈബ്രിഡ് ഹൈടെക് ബസുകൾ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ ഓടുക. 27 സീറ്റുകളും 17 ബർത്തുകളുമാണ് ബസിലുള്ളത്. വിജയം കണ്ടാൽ സംസ്ഥാനം മുഴുവൻ ഹൈബ്രിഡ് സർവീസ് വ്യാപിപ്പിക്കുമെന്ന് മന്ത്രി. വാർത്താ സമ്മേളനത്തിൽ സ്മാർട്ട് സിറ്റി സി.ഇ.ഒ അരുൺ.കെ.വിജയൻ, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു.കെ.ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.