Timely news thodupuzha

logo

പാലക്കാട്‌ നഗരസഭാ കെട്ടിടത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് പരാതി

പാലക്കാട്‌: നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നഗരസഭാ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി പരാതി. അനധികൃത നിര്‍മാണം അഞ്ച് ദിവസത്തിനകം പൊളിച്ച് മാറ്റാന്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വന്ന് 29 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല.

ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നിയമ ലംഘനമെന്നാണ് ഉയരുന്ന ആരോപണം.പാലക്കാട് നഗരസഭയിലെ തിരുനെല്ലായ് വെസ്റ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മന്‍സൂര്‍ മണലാഞ്ചേരിയാണ് നഗരസഭയുടെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി നഗരസഭ കണ്ടെത്തിയത്.

നഗരസഭയുടെ ഉടമസ്ഥതയില്‍ നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തുള്ള പിഡിഎ കോംപ്ലക്‌സിലെ കെട്ടിടത്തിലാണ് അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളത്.

കെട്ടിടത്തിന്റെ ലൈസന്‍സിയായ കൗണ്‍സിലര്‍ മന്‍സൂര്‍ അനുമതിയില്ലാതെ സ്ഥലം കയ്യേറി ഗ്രില്‍ വെച്ച് അടച്ച് മേല്‍ക്കൂര പണിതതായി നഗരസഭ റവന്യൂ ഇന്‍സ്‌പെക്‌ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കം ചെയ്യണമെന്ന് കാണിച്ച് കൗണ്‍സിലര്‍ക്ക് ഏഴ് ദിവസത്തെ സാവകാശം ആദ്യം നല്‍കിയെങ്കിലും ഇത് പൊളിച്ച് നീക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *