മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങരയിൽ യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടക്കെതിരേയാണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, നിയമവിരുദ്ധമായി വിവാഹബന്ധം വേർപ്പെടുത്തൽ, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ മൊഴി പ്രകാരം വനിതാ സെല്ലാണ് കേസെടുത്തത്. 2023ലായിരുന്നു വീരാൻകുട്ടിയും ഊരകം സ്വദേശിയായ യുവതിയും വിവാഹിതരായത്. 40 ദിവസം മാത്രമായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തനിക്ക് സൗന്ദര‍്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.
വിവാഹസമയം വീരാൻകുട്ടിയുടെ കുടുംബം 50 പവൻ സ്വർണം ആവശ‍്യപ്പെട്ടപ്പോൾ 30 പവൻ മാത്രമാണ് നൽകാനായതെന്നും ഇതിൻറെ പേരിലും പീഡനം നേരിട്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് 30 പവൻ സ്വർണാഭരണങ്ങൾ വീരാൻകുട്ടിയും കുടുംബവും തിരിച്ചുനൽകിയില്ലെന്നും പരാതിയുണ്ട്.
ഗർഭിണിയായിരിക്കുന്ന സമയം തലകറങ്ങി വീണപ്പോൾ യുവതിക്ക് മാരകരോഗങ്ങളുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്നും പിന്നീട് കുഞ്ഞ് ജനിച്ചപ്പോഴും ഭർത്താവ് തിരിഞ്ഞു നോക്കിയില്ലെന്നുമാണ് യുവതിയുടെ പരാതി.
ഇതിനിടെയാണ് പതിനൊന്നു മാസങ്ങൾക്ക് ശേഷം വീരാൻകുട്ടി കഴിഞ്ഞ ദിവസം യുവതിയുടെ പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞത്. ഇയാൾക്കെതിരേ വനിതാ കമ്മിഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്