ഇടുക്കി :ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ കൊടിയേറി. ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ.എ നിർവഹിച്ചു. ചിങ്ങമാസം ഓണത്തിന്റെയും പുതിയ പ്രതീക്ഷയുടെയും കൃഷി ആരംഭത്തിന്റെയും മാസമാണ്. ലോകത്തിലെ എല്ലാ മലയാളികളും ഒരുമയുടെ ഉത്സവമായാണ് ഓണം ആഘോഷിക്കുന്നതെന്നും ഓണോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും എം. എൽ. എ പറഞ്ഞു. ചെറുതോണി ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടർ ഷീബ ജോർജ് ഓണം ടുറിസം വാരാഘോഷത്തിന് പതാക ഉയർത്തി.
ചെറുതോണി സപ്ലൈകോ മാർക്കറ്റ് ജങ്ക്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചെണ്ടമേളത്തിന്റെയും മഹാബലി, മയിലാട്ടം, ഗരുഡൻ പറവ തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ അണിനിരന്ന ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവയും അരങ്ങേറി.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, രാജു ജോസഫ്, സിജി ചാക്കോ, നൗഷാദ് ടി., വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രിൻസ് മാത്യു, അനിൽ കൂവപ്ലാക്കൽ, പി.കെ ജയൻ, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ, ചെറുതോണി വ്യപാരി വ്യവസായ സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, ടൂറിസം ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ സംസാരിച്ചു.