ന്യൂഡൽഹി: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങ് ഇന്ത്യയിൽ നടത്തുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് സൂചന. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരാണ് ഈ വിവരം നൽകുന്നത്.
എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ വകുപ്പ് തയാറായിട്ടില്ല. എന്തുകൊണ്ടാണ് ഷി എത്താത്തതെന്നും വ്യക്തമല്ല. അരുണാചൽ പ്രദേശ് ഉൾപ്പെടെ ഇന്ത്യയുടെ ഭൂഭാഗങ്ങൾ ചേർത്ത് ചൈന പുതിയ ഭൂപടം പ്രസിദ്ധപ്പെടുത്തിയത് ഇന്ത്യയിൽ വലിയ വിവാദമായിരിക്കെയാണ് ഈ സൂചന പുറത്തുവരുന്നത്.
ഇതിനു പുറമേ, യുഎസുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രിസഡന്‍റ് ജോ ബൈഡനും ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്തോനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിക്കിടെ നടത്തിയ ചർച്ചകളുടെ തുടർച്ച ഇന്ത്യയിൽ നടത്താമെന്നായിരുന്നു ധാരണ. ഷി എത്താത്തപക്ഷം ഇതും മുടങ്ങും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉച്ചകോടിക്കെത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആയിരിക്കും പങ്കെടുക്കും. ഷി ജിൻപിങ് എത്തിയില്ലെങ്കിൽ പകരം ചൈനീസ് പ്രധാനമന്ത്രി ലി കിയാങ് രാജ്യത്തെ പ്രതിനിധീകരിക്കാനാണ് സാധ്യത. സെപ്റ്റംബർ 9, 10 തീയതികളിലാണ് ഉച്ചകോടി.