Timely news thodupuzha

logo

പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ല; ഇ.പി.ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച്‌ പാർട്ടിയോ മുന്നണിയോ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. 2021ൽ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ വീണ്ടും അധികാരത്തിൽ വന്നപ്പോൾ എല്ലാ പാർടികളും ചേർന്ന്‌ ചർച്ച നടത്തിയാണ്‌ മന്ത്രിസഭയെ കുറിച്ച്‌ ധാരണയാക്കിയത്‌.

എല്ലാ പാർടികളും ആ തീരുമാനം അംഗീകരിച്ചു. മന്ത്രിമാരുടെ എണ്ണം നിശ്‌ചിതമായതിനാൽ എല്ലാ പാർടികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ലെന്നത്‌ എല്ലാവരും അംഗീകരിച്ചതാണ്‌. അന്നുണ്ടാക്കിയ ധാരണയനുസരിച്ചുള്ള മാറ്റമുണ്ടാകുമെന്നും ഇ പി പറഞ്ഞു.പാർടികൾ ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. ആലോചിക്കേണ്ട ഘട്ടമെത്തുമ്പോൾ എല്ലാവരും ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കും.

അതിന്‌ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ചർച്ചചെയ്യുകയോ ആലോചിക്കുകയോ ചെയ്യാത്ത കാര്യത്തിൽ വാർത്തയുണ്ടാക്കി സർക്കാരിലും മുന്നണിയിലും കുഴപ്പമുണ്ടാക്കാനാകുമോ എന്നാണ്‌ ശ്രമിക്കുന്നത്‌. പുതുപ്പള്ളിയിലെ വിജയം സഹതാപത്തിലൂടെ നേടിയതാണ്‌. സംസ്ഥാനത്ത്‌ എൽഡിഎഫിന്‌ അനുകൂലമായ സാഹചര്യമാണുള്ളത്‌.

കേരളത്തിലുണ്ടായ പുരോഗതിയും മാറ്റവും തിരിച്ചറിയുന്നവരാണ്‌ ജനങ്ങൾ. മികച്ച ഭരണമാണ്‌ സർക്കാർ കാഴ്‌ചവയ്‌ക്കുന്നത്‌. ഓരോ വകുപ്പുകളും മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. അതുകൊണ്ടുതന്നെ കൂടുതൽ ജനവിഭാഗങ്ങളുടെ പിന്തുണ ആർജിക്കാനായിട്ടുണ്ട്‌.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ജയമാണ്‌ ലക്ഷ്യമിടുന്നത്‌. എല്ലാ കാലത്തും ചക്ക തലയിൽവീഴുമെന്ന്‌ ധരിക്കരുത്‌. ഇരുപതിനപ്പുറം സീറ്റ്‌ നേടുമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ പറയാത്തത്‌ ഭാഗ്യമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *