കോട്ടയം: കടുത്തുരുത്തിയിൽ ബസിടിച്ച് നഴ്‌സറി സ്‌കൂൾ ഹെൽപർക്ക് ദാരുണാന്ത്യം. ഭർത്താവിൻ്റെ കൺമുന്നിൽ വച്ചായിരുന്നു അപകടം. ബസിൽ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോൾ പൊടുന്നനെ മുന്നോട്ടെടുത്ത ഇതേ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
കാഞ്ഞിരത്താനം സെന്റ് ജോൺസ് നഴ്സറി സ്‌കൂളിലെ ഹെൽപ്പറായ കിഴക്കേ ഞാറക്കാട്ടിൽ ഇരുവേലിക്കൽ ജോസി തോമസാണ്(54) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടമുണ്ടയത്. ഭർത്താവിനൊപ്പം നടന്നുവന്ന ജോസി ജങ്ഷനിൽ നിൽക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തിയത്.
ഈ സമയം ഭർത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. പിന്നാലെ എത്തി ഭർത്താവിനൊപ്പം ബസിൽ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
കൈ ഉയർത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡിൽ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകമകൻ അഖിൽ തോമസ് (ദുബായ്).