Timely news thodupuzha

logo

അരിക്കുഴ സ്കൂളിൽ ഗാന്ധിജിയുടെ ശിൽപ്പം തിങ്കളാഴ്ച പ്രതിഷ്ഠിക്കും …

അരിക്കുഴ: 2023 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം. ഗാന്ധിജി നാം ഇനിയും പഠിച്ചു തീരാത്ത മാനവ മോചനത്തിൻ്റെ പാഠപുസ്തകമാകുന്നു.
ആ പുസ്തകം ഒരിക്കൽകൂടി ഒന്നുമറിച്ചുനോക്കി വായിക്കുവാനായി വന്നുചേരുന്ന ദിനം.ഒക്ടോബർ 2.സബർമതിയിൽ പൊലിഞ്ഞുതീർന്ന
മാനവമോചനത്തിൻ്റെ അവസാനിക്കാത്ത ഒച്ച, ഇന്ന് ഈ മണ്ണിലെ പച്ചമനുഷ്യർക്കിടയിൽ ഒരിക്കൽകൂടി ഒന്ന് മുഴങ്ങിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ചുപോകുന്ന ദിനം ഒക്ടോബർ 2. ഈ ദിനം അരിക്കുഴയിൽ ഇക്കുറി വിപുലമായ ആഘോഷമാക്കി മാറ്റുവാൻവേണ്ടി ഒരുങ്ങുകയാണ് ഈ നാട്ടിലെ സരസ്വതീക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ.

കഴിഞ്ഞ വർഷം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ,അവരിലൊരു പൂർവ്വവിദ്യാർത്ഥിയും,പ്രശസ്ത കലാകാരനും,
ശില്പിയുമായ ശ്രീ ദിവാകരൻ ആചാരിയെ അന്ന് ബഹുമാന പുരസരം ആദരിക്കുകയുണ്ടായി. ഈ വേളയിൽ,സദസ്സിൽ വച്ച് ശ്രീ ദിവാകരൻ ആചാരി ഈ സരസ്വതീ ക്ഷേത്രമുറ്റത്ത് സ്ഥാപിക്കുന്നതിനായി താൻ നിർമ്മിച്ച ഒരു ശില്പം സംഭാവനയായി പണിത് തരാമെന്ന് അറിയിച്ചിരുന്നു.

ആ വാഗ്ദാനം ഈ ഒക്ടോബർ 2 ന് പൂർണ്ണമാകുകയാണ്. മഹാത്മാവിൻ്റെ പ്രതിമയാണ് പ്രശസ്ത ശില്പി സ്കൂളങ്കണത്തിൽ പ്രതിഷ്ഠിക്കുവാൻ
നിർമ്മിച്ചിട്ടുള്ളത്. ഈ വലിയ മനസ്സിനെ ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഈ പ്രതിഷ്ഠാമുഹൂർത്തം
ഒരു വലിയ ആഘോഷമാക്കുവാനും,ശ്രീ ദിവാകരൻ ആചാരിയെ ആദരപൂർവ്വം പ്രണമിക്കുവാനും ഈ സുദിനം വിനിയോഗിക്കുന്നു.

അതോടൊപ്പം മഹാത്മാവിൻ്റെ ശില്പപ്രതിഷ്ഠ നൽകുന്ന സന്ദേശങ്ങൾ ഈ സമൂഹത്തിന് നൽകുന്ന പാഠം വിളംബരം ചെയ്യുന്നതിനും
ഈ ദിനത്തിലെ സ്കൂളങ്കണം വേദിയാകുന്നു.അന്ന്, ഈ സ്കൂളങ്കണത്തിലേയ്ക്ക്, മഹാത്മാവിൻ്റെ പ്രതിമ സ്ഥാപിയ്ക്കുന്ന വിശുദ്ധ കർമ്മനിമിഷത്തിലേയ്ക്ക് ഈ നാട്ടിലെ മുഴുവൻ ജനങ്ങളെയും ഹാർദ്ദമായി ക്ഷണിക്കുന്നു.

പൂർവിദ്യാത്ഥി സംഘടയ്ക്ക് വേണ്ടി
പ്രസിഡൻ്റ്
എ എൻ ദാമോദരൻ നമ്പൂതിരി

Leave a Comment

Your email address will not be published. Required fields are marked *