തിരുവനന്തപുരം: ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ എന്ന് വർഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ടെന്നും അതിനാൽ ആ വാക്കുകൾ തന്നെ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനാണവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണെന്നും 154-ാം ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പിനൽ നിന്നും; ഇന്നു ഗാന്ധി ജയന്തി. സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയ്ക്ക് ആത്മാഭിമാനത്തോടെ, തലയുയർത്തി നടക്കാൻ നമുക്ക് സാധിക്കുന്നതിനു പിന്നിൽ ഗാന്ധിജിയുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന് നിസ്തുലമായ പങ്കുണ്ട്. ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിൻ്റേയും പ്രവാചകനായ ഗാന്ധിജി വിഭാഗീയ രാഷ്ട്രീയത്തിനു മുന്നിൽ അന്നും ഇന്നും വലിയ വെല്ലുവിളിയാണുയർത്തുന്നത്.
ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ എന്ന് വർഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ട്. അതിനാൽ ആ വാക്കുകൾ തന്നെ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനാണവർ ശ്രമിക്കുന്നത്. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണ്. അത്തരം ഉദ്യമങ്ങളെ ഒറ്റക്കെട്ടായി നമുക്ക് ചെറുക്കാം. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം. മതനിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യങ്ങൾ തകരാതെ കാക്കാം. ഏവർക്കും ഹൃദയപൂർവ്വം ഗാന്ധി ജയന്തി ആശംസകൾ നേരുന്നു.