Timely news thodupuzha

logo

ലോകകപ്പ്; പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ, പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ പുറത്താകും

ചെന്നൈ: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുമ്പോൾ അഫ്ഗാനിസ്ഥാന് പതിവുള്ള ദുർബലരുടെ മേൽവിലാസമല്ല. പാക്കിസ്ഥാന് വ്യക്തമായ ആധിപത്യവും അവകാശപ്പെടാനില്ല.

ഈ മത്സരം തോറ്റാൽ അഫ്ഗാനിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പുറത്താകും. പാക്കിസ്ഥാൻ തോറ്റാൽ തുടർന്നുള്ള എല്ലാ മത്സരങ്ങളും അവർക്കു നിർണായകമാകുകയും ചെയ്യും. അന്താരാഷ്ട്ര മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ ഇതുവരെ പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുമില്ല.

റഷീദ് ഖാനും മുജീബ് ഉർ റഹ്മമാനും ഉൾപ്പെടുന്ന സ്പിൻ വിഭാഗത്തിൽ അഫ്ഗാനിസ്ഥാനു തന്നെയാണ് വ്യക്തമായ മേൽക്കൈ. ടോപ് ഓർഡറിൽ അഫ്ഗാന്‍റെ റഹ്മാനുള്ള ഗുർബാസിനോളം വിസ്ഫോടന ശേഷിയുള്ള ഒരു ഓപ്പണർ പാക്കിസ്ഥാന് ഇല്ലെന്നതും വസ്തുതയാണ്.

ഗുർബാസ് ഈ ലോകകപ്പിലെ പവർപ്ലേകളിൽ മാത്രം ഏഴു സിക്സറുകൾ നേടിക്കഴിഞ്ഞപ്പോൾ, പാക് ഓപ്പണർമാർ ആരും ഈ വർഷം പവർപ്ലേയിൽ ഒരു സിക്സറടിച്ചിട്ടില്ല.

അഫ്ഗാന്‍റെ സ്പിൻ ആക്രമണത്തെ നേരിടാൻ പാക്കിസ്ഥാന്‍റെ പക്കലുള്ളത് ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും അടങ്ങുന്ന ഫാസ്റ്റ് ബൗളിങ് നിരയാണ്.

അഫ്രീദം ഫോം വീണ്ടെടുത്തെങ്കിലും റൗഫ് അടി വാങ്ങുന്നത് തുടരുകയാണ്. റൺസ് വഴങ്ങുന്നതിൽ അഫ്രീദിക്കും പിശുക്കില്ലാത്ത അവസ്ഥ. നസീം ഷായ്ക്കു പകരം വന്ന ഹസൻ അലിക്ക് വേണ്ടത്ര പ്രഭാവം ചെലുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സ്പിന്നർമാരിൽ ആരും ടൂർണമെന്‍റിൽ ഇതുവരെ നിലവാരം പുലർത്തിയിട്ടുമില്ല.

ചുരുക്കത്തിൽ ബാറ്റർമാരായ ഇമാം ഉൽ ഹക്ക്, അബ്ദുള്ള ഷഫീക്ക്, ബാബർ, മുഹമ്മദ് റിസ്വാൻ എന്നിവരെ മാത്രം ആശ്രയിച്ചാണ് പാക്കിസ്ഥാൻ ഇപ്പോൾ ടൂർണമെന്‍റിൽ നിലനിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *