റായ്പുർ: ഛത്തീസ്ഗഡിൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. കോൺഗ്രസ് തുടർഭരണം നിലനിർത്താനാണ് ഇത്തരം പ്രഖ്യാപനങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിൻറെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
കർഷകർക്ക് ആശ്വാസകരമായ നടപടികളാണ് കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. കർഷകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് 15 ക്വിൻറലിൽ നിന്ന് 20 ക്വിൻറലായി ഉയർത്തുമെന്നും അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും ബാഗേൽ പറഞ്ഞു.
ഇതിനിടെ എ.ഐ.സി.സി സംസ്ഥാനത്തെ 17.5 ലക്ഷത്തോളം ദരിദ്രർക്ക് വീടുവെച്ച് നൽകുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കും സ്ഥാനാർഥികളായെങ്കിലും പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കിയിട്ടില്ല.