Timely news thodupuzha

logo

ജപ്പാനെയും ജർമനിയെയും ഇന്ത്യ മറികക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജപ്പാനെയും ജർമനിയെയും മറികടന്ന് മൂന്നാമതെത്തുമെന്ന് റിപ്പോർട്ട്. 2030ഓടെ 7.3 ലക്ഷം കോടി ഡോളറായിരിക്കും ഇന്ത്യയുടെ ജിഡിപിയെന്ന് എസ്&പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് പിഎംഐയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു.

തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ (2021ലും 2022ലും) ദ്രുത സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023ലും ഇന്ത്യന്‍ സമ്പദ്‌ഘടന ശക്തമായ വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.2-6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണിത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്കുണ്ടായത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ ദീര്‍ഘകാല വളര്‍ച്ചാ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. ജനസംഖ്യാ പ്രൊഫൈലും അതിവേഗം ഉയരുന്ന നഗര കുടുംബ വരുമാനവും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു.

ഇന്ത്യയുടെ ജിഡിപി 2022ല്‍ 3.5 ലക്ഷം കോടി ഡോളറില്‍ നിന്ന് 2030ഓടെ 7.3 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2030ഓടെ ഇന്ത്യന്‍ ജിഡിപി ജപ്പാനു മുന്നിലെത്തും. അതായത് ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരും.

ചൈനയാണ് ഒന്നാമത്. 2022 ആയപ്പോഴേക്കും ഇന്ത്യന്‍ ജിഡിപിയുടെ വലുപ്പം യുകെയുടെയും ഫ്രാന്‍സിന്‍റെയും ജിഡിപിയെക്കാള്‍ വലുതായിക്കഴിഞ്ഞു. 2030ഓടെ ഇന്ത്യയുടെ ജിഡിപി ജപ്പാനെയും ജര്‍മനിയെയും മറികടക്കുമെന്നാണ് പ്രവചനം.

25.5 ലക്ഷംകോടി ഡോളറിന്‍റെ ജിഡിപിയുള്ള യുഎസ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇത് ലോക ജിഡിപിയുടെ നാലിലൊന്ന് വരും. ലോക ജിഡിപിയുടെ ഏകദേശം 17.9 ശതമാനമായ 18 ലക്ഷം കോടി യുഎസ് ഡോളറിന്‍റെ ജിഡിപി വലുപ്പമുള്ള ചൈനയാണ് രണ്ടാമത്. നിലവില്‍ 4.2 ലക്ഷം കോടി യുഎസ് ഡോളര്‍ ജിഡിപിയുമായി ജപ്പാന്‍ മൂന്നാമതാണ്. ജര്‍മനി നാലാമതും.

അതിവേഗം വളരുന്ന ഇന്ത്യന്‍ ആഭ്യന്തര ഉപഭോക്തൃ വിപണിയും അതിന്‍റെ വലിയ വ്യാവസായിക മേഖലയും ഇന്ത്യയെ വിശാലമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ഇ-കൊമേഴ്സിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

2030ഓടെ, 110കോടി ഇന്ത്യക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് ആക്സസ് ഉണ്ടായിരിക്കും. ഇത് 2020ല്‍ കണക്കാക്കിയ 500 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് ഇരട്ടിയിലധികം വരും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്‍റെ വലിയ വര്‍ധനവ് 2020-2022 എന്ന മഹാമാരി വര്‍ഷങ്ങളിലും പ്രകടമായിട്ടുണ്ട്. മൊത്തത്തില്‍, അടുത്ത ദശകത്തില്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *