ന്യൂഡൽഹി: മോദി സർക്കാരിന് ഇന്ത്യയെന്ന പേരിനെ പേടിയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നതെന്നും എം.വി .ഗോവിന്ദൻ പറഞ്ഞു.
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്.
അതിന്റെ ആദ്യത്തെ ശ്രമമാണ് ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് ഇന്ത്യയെന്ന പേരിന് പകരം ഭാരതമെന്ന പേര് ഉപയോഗിച്ചത്. ഭരണഘടന അനുസരിച്ചാണ് രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് നൽകിയത്.
സുപ്രീം കോടതി തന്നെ മോദി സർക്കാരിനോട് പേര് മാറ്റേണ്ടതുണ്ടോയെന്ന് ചോദ്യം ഉന്നയിച്ചപ്പോഴും ഇന്ത്യയെന്ന പേര് മാറ്റുന്നില്ലെന്ന നിലപാടാണ് മോദി സർക്കാർ പറഞ്ഞത്. ഇപ്പോൾ പേര് മാറ്റാനുള്ള കാരണം വ്യക്തമാണ്.
ബി.ജെ.പിക്കെതിരെ രൂപീകരിച്ച ഇന്ത്യയെന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നത്. പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ നിന്നും പല ഭാഗങ്ങളും മുമ്പും ഒഴിവാക്കി സർക്കാർ വിവാദം സൃഷ്ടിച്ചിരുന്നു.
ഇത് സവർക്കറുടെ നിലപാടാണ്. ആർ.എസ്.എസ് നിർമിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വൽക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗമാണ്. എം.വി.ഗോവിന്ദൻ പറഞ്ഞു.