കൊച്ചി: കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം.
മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെത്തി. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാർട്ടിൻ സ്ഫോടക വസ്തുക്കൾ നിറച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ബോംബ് വച്ചതിനു ശേഷം മാറി നിന്ന് വീഡിയോ എടുത്തു. ബോംബ് പൊട്ടുന്നത് കണ്ടുറപ്പിച്ചു. ബോംബ് പൊട്ടുന്ന വീഡിയോ എടുത്തു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ എൻഐഎ ഡിജിറ്റൽ തെളിവുകൾ തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് യൂ ട്യൂബിനും ഫേസ് ബുക്കിനും അപേക്ഷ നൽകി.