ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിൽ ഇടപെടാൻ മലയാളി സംഘടനകൾ കൂട്ടായ്‌മ ഒരുക്കുന്നു. സംസ്ഥാനത്തുള്ള ലക്ഷക്കണക്കിന് മലയാളികളെ ഒരു വോട്ട് ബാങ്കെന്ന രീതിയിൽ യോജിപ്പിക്കുകയും, ആ ശക്തി ഉപയോഗിച്ച് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി തെലങ്കാന മലയാളി ഫോറമെന്ന പേരിലാണ് കൂട്ടായ്മ.
ഹൈദരാബാദ് – സെക്കന്തരാബാദ് ഇരട്ട നഗരങ്ങളിൽ മലയാളി സംഘടനകൾ സജീവമാണെങ്കിലും തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുന്ന ഒരു ശക്തി അല്ലെന്ന് കൂട്ടായ്‌മ രൂപീകരിക്കാൻ മുൻകയ്യെടുത്തവർ ചൂണ്ടിക്കാട്ടുന്നു. നിരവധി മലയാളി കൂട്ടായ്‌മകൾ നഗരങ്ങളിൽ ഉണ്ട്.
വിവിധ മേഖലകളായി ചിതറി കിടക്കുന്ന മലയാളികൾക്ക് സാന്ത്വനം പകരുന്നതിനും, വിവിധ മലയാളി ഉത്സവങൾ സംഘടിപ്പിക്കുന്നതിനും ഈ കൂട്ടായ്മകൾ മുന്നിൽ നിൽക്കുന്നു.
മാത്രമല്ല, അവശതയും കഷ്ടപ്പാടുകളും അനുഭവിക്കുന്ന മലയാളികൾക്ക് സാമ്പത്തിക സഹായം ഉൾപ്പടെയുള്ള സഹായങ്ങൾ നൽകാനും അവർ മുന്നിട്ടിറങ്ങാറുമുണ്ട്.
എന്നാൽ ഒരു വോട്ട് ബാങ്കെന്ന നിലയിലുള്ള മലയാളികളുടെ ശക്തി ഇവിടെ പ്രകടിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലോക കേരള സഭാംഗം പി രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഹൈദരാബാദിലുള്ള ഒരു മലയാളി സംഘടനയുടെയും പ്രവർത്തന മേഖലയിൽ ഇടപെടാതെ, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ, ഇവിടെയുള്ള മലയാളികളെ ഒന്നിപ്പിച്ച് നിർത്തി, പ്രായോഗിക രാഷ്ട്രീയത്തിൽ ശക്തി പ്രദർശിപ്പിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു.