Timely news thodupuzha

logo

സിൽക്യാര ടണലിലെ രക്ഷാ ദൗത്യം പൂർത്തിയാകാൻ 12 മുതൽ 14 മണിക്കൂറുകൾ വരെ സമയം വേണ്ടിവരുമെന്ന് ഭാസ്കർ കുൽബേ

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിലെ രക്ഷാ ദൗത്യം പൂർത്തിയാകാൻ 12 മുതൽ 14 മണിക്കൂറുകൾ വരെ എടുക്കും. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഉപദേഷ്ടാവ് ഭാസ്കർ കുൽബേയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ 8 മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ‍

ഇതിനായി ആറു മണിക്കൂറുകളോളം വേണ്ടി വന്നു. എന്നാൽ ഈ അവശിഷ്ടങ്ങളെല്ലാം വിജയകരമായി നീക്കം ചെയ്തുവെന്നും കുൽബേ പറഞ്ഞു.

സ്റ്റീൽ പാളികൾ അറുത്തു മാറ്റി അതിനുള്ളിലൂടെ പൈപ്പ് കടത്തി തൊഴിലാളികളെ രക്ഷിക്കാനാണ് പദ്ധതി. ഇതിൻറെ ഭാഗമായി പൈപ്പുകൾ വെൽ‌ഡ് ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. 12 മുതൽ 14 മണിക്കൂറുകൾക്കുള്ളിൽ ഈ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കും.

അതിനു ശേഷം മൂന്നു മണിക്കൂറോളം എടുത്ത് ഓരോരുത്തരെയായി പൈപ്പ് വഴി പുറത്തേക്കെത്തിക്കാം എന്നാണ് പ്രതീക്ഷി. ഇതിനായി എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി വി.കെ സിങ്, എൻ‌.ഡി.ആർ‌.എഫ് ഡയറക്റ്റർ ജനറൽ അതുൽ കർവാൾ എന്നിവർ സിൽക്യാരയിലെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും സ്ഥലത്തെത്തും.

800 എം.എം വ്യാസത്തിലാണ് നിലവിൽ പൈപ്പുകൾ കടത്തി വിടുന്നതിനായി തുരക്കുന്നത്. തുരങ്കത്തിൽ അവശിഷ്ടങ്ങൾ നിറഞ്ഞതിനാൽ ഈ പ്രവർ‌ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.

41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. പുറത്തെത്തിച്ചാലുടൻ വേണ്ട ചികിത്സ നൽകുന്നതിനായി ചിന്യാലിസോർ കമ്യൂണിറ്റി ഹെൽത് സെൻറർ സജ്ജീകരിച്ചിട്ടുണ്ട്. 41 ആംബുലൻസുകൾ തുരങ്കത്തിനു പുറത്ത് സജ്ജമാക്കി നിർത്തിയിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *