തിരുവനന്തപുരം: തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
അതിനിടെ തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ മുപ്പതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.