ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുടെ ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദിച്ചു.
ഉത്തരകാശിയിലെ നമ്മുടെ സഹോദരൻമാർക്കായുള്ള രക്ഷാ ദൗത്യം വിജയകരമായത് എല്ലാവരെയും വികാരഭരിതരാക്കി. തുരങ്കത്തിൽ കുടുങ്ങിയ സഹോദങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്.
എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സുഹൃത്തുക്കൾക്ക് സ്വന്തക്കാരെ കാണാൻ സാധിച്ചത് സംതൃപ്തി നൽകുന്നു. ഈ സമയത്ത് കുടുംബാംഗങ്ങൾ കാണിച്ച ധൈര്യവും ക്ഷമയും അഭിനന്ദിച്ചാൽ മതിയാകില്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
17 ദിവസമായി സിൽക്കാര ടണലിൽ കുടുങ്ങിയ 41 ഓളം വരുന്ന തൊഴിലാളികളെ ഇന്നലെ വൈകിട്ടോടെയാണ് പുറത്തെത്തിച്ചത്. തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനു പിറകെ ഒന്നായി 10 ഇരുമ്പു കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണു തൊഴിലാളികളെ പുറത്തെത്തിച്ചത്.