ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ടു ചെയ്തതിനു പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.
രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് , ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കർണാടക സർക്കാർ ഇതിനകം തന്നെ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. പനി ബാധിക്കുന്നവർ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ തുടങ്ങിയവ സർക്കാർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂണിറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസര്‍ച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നുണ്ട്.