ഇടുക്കി: മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും സാധാരണക്കാരായ ആരോഗ്യ ഇൻഷ്വറൻസ് കാർഡുടമകൾക്ക് മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൺസ്യൂമർഫെഡ് മാനേജിങ്ങ് ഡയറക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും ഇക്കാര്യം പരിശോധിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
മെഡിക്കൽ കോളേജിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നുമാത്രമാണ് ഇപ്പോൾ മരുന്ന് ലഭിക്കുന്നത്. മരുന്നിന് വേണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് രോഗികൾ.
മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ്റ്റോറിന് കുടിശ്ശികയുള്ളതു കൊണ്ടാണ് മരുന്നുകൾ ലഭിക്കാത്തതെന്ന് പറയുന്നു.
ഇക്കാരണത്താൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്ന നിർദ്ധനരായ രോഗികൾ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. എത്രയും വേഗം മരുന്നുകൾ ലഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.