Timely news thodupuzha

logo

ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി

തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്‌സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അറിയിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്.

വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്ത ഈ വാക്‌സീനുകള്‍ ഏതൊക്കെ ആശുപത്രികളില്‍ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെയര്‍ ഹൗസുകള്‍ക്ക് ഇന്നലെ രേഖാമൂലം ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വാക്സീൻ പിൻവലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വെയർഹൗസുകൾക്ക് കെഎംഎസ്‍സിഎൽ നിർദ്ദേശം നൽകി.

തിരിച്ചെടുക്കുന്ന KB21002 ബാച്ചില്‍ ഉള്‍പ്പെട്ട വാക്‌സീനടക്കമുള്ളത് ലേബല്‍ ചെയ്ത് കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം ഉണ്ട്. നിലവില്‍ ഈ ബാച്ച് വാക്‌സീനുകള്‍ തിരിച്ചെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വെയര്‍ ഹൌസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സീന്‍ ഗുണനിലവാര പരിശോധനക്ക് ഒപ്പം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനും കൂടി പരിശോധിക്കേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *