കാസർകോട് : എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തിൽ മാര്‍ക്ക് കൂട്ടിയപ്പോൾ ഉണ്ടായ പിഴവ് മറയ്ക്കാന്‍ ക്രമക്കേട് നടത്തിയെന്ന പരാതിയുമായി വിദ്യാർഥിയുടെ രക്ഷിതാവ്. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ അഗസ്റ്റിനാണ് പരീക്ഷാ ഭവനില്‍ പരാതി നല്‍കിയിരിക്കുന്നത്.
കാസര്‍കോട് കുറ്റിക്കോലിലെ പഠിക്കാൻ മിടുക്കനായ ഡെല്‍വിന്‍ അഗസ്റ്റിന് എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളം ഒഴിച്ചുള്ള എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലയാളത്തിന് ബി ഗ്രേഡ് മാത്രം കിട്ടിയപ്പോഴാണ് ഉത്തരകടലാസിന്‍റെ ഫോട്ടോകോപ്പി ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് കിട്ടിയപ്പോഴാണ് മാര്‍ക്ക് കൂട്ടിയതിലെ തെറ്റ് വ്യക്തമായത്. 32 എന്നതിന് പകരം കൂട്ടിയെഴുതിയത് 22.
തുടര്‍ന്ന് മാർക്ക് തിരുത്താൻ നടപടി സ്വീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും നല്‍കി. വിദ്യാർഥി പഠിച്ച സ്കൂളിലെ പ്രധാന അധ്യാപകനെ കട്ടപ്പനയില്‍ നിന്ന് ഒരു അധ്യാപകന്‍ വിളിച്ച് പുനർ മൂല്യ നിര്‍ണ്ണയത്തില്‍ ഗ്രേഡ് വ്യത്യാസമില്ലെന്നും പരീക്ഷാ ഭവനില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ടുവെന്ന് പിതാവ് ആരോപിക്കുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റിന് ശേഷം മാത്രമാണ് മാര്‍ക്ക് തിരുത്തി വന്നത്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട വിഷയത്തിന് ചേരാനായില്ലെന്ന് ഡെല്‍വിന്‍ പറയുന്നു . അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷാ ഭവനില്‍ പരാതി നല്‍കിയിരിക്കുകയാണ് വിദ്യാർഥിയുടെ പിതാവ് ഇപ്പോള്‍