കോട്ടയം: തൃശൂരും കൊല്ലത്തും തടസമില്ല പക്ഷേ കോട്ടയത്തെ ആകാശപ്പാത മാത്രം വൈകിപ്പിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ. 7 വര്‍ഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു.
കോട്ടയത്ത് നിര്‍മാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂര്‍, കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ് രണ്ടു പദ്ധതിക്കും രൂപരേഖ തയാറാക്കിയ എഞ്ചിനീയര്‍മാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്. എന്നാല്‍ കോട്ടയത്തെ പദ്ധതിയുടെ നിര്‍മാണം മുടക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കോട്ടയം ആകാശപ്പാത പദ്ധതി ആരുടെയും വ്യക്തിപരമായ താല്‍പര്യത്തിന്റെ പേരില്‍ തുടക്കം കുറിച്ചതല്ല. കോട്ടയത്ത് ഗതാഗതക്കുരുക്ക് സംബന്ധിച്ചും റോഡുകളിലെ അപകടം സംബന്ധിച്ചും 2015-ല്‍ നാറ്റ് പാക് നടത്തിയ പഠനത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഉള്‍പ്പെടുന്ന എം.സി റോഡില്‍ ഏറ്റവും തിരക്കേറിയ സ്ഥലമായി കണ്ടെത്തിയത് പ്രധാനപ്പെട്ട റോഡുകള്‍ സന്ധിക്കുന്ന ശീമാട്ടി റൗണ്ടാന ജങ്ഷനാണ്. ഒരു ദിവസം 115256 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്ക്. ഒരു ജങ്ഷന്‍ വഴി ഒരു ദിവസം 11000 മുതല്‍ 40000 വാഹനങ്ങള്‍ വരെ കടന്നുപോകുന്നുവെങ്കില്‍ മേല്‍പ്പാലം നിര്‍ മിക്കണമെന്നാണ് നാറ്റ് പാക്കിന്റെ ശുപാര്‍ശ. കോട്ടയം നഗരത്തിലെ സ്ഥല പരിമിതി കണക്കിലെടുത്ത് മേല്‍പ്പാലം നിര്‍മിക്കുന്നത് അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത എന്ന പദ്ധതി മുന്നോട്ട് വെച്ചത്. ശീമാട്ടി റാണ്ടൗന ജങ്ഷന്‍ വഴി കാല്‍ നടക്കാര്‍ വഴി ക്രോസ് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ കാല്‍നടയാത്രികരെ പൂര്‍ണമായും ആകാശപ്പാത വഴി റോഡു ക്രോസ് ചെയ്യിപ്പിക്കുക എന്നതായിരുന്നു പദ്ധതി. ഇതിനായി ഫുട്പാത്തുകളില്‍ നാലു ലിഫ്റ്റുകളും വിഭാവന ചെയ്തുവെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സിയായ കിറ്റ്കോയാണ് നിർമാണച്ചുമതല ഏറ്റെടുത്തതത്. ഇതേ പദ്ധതിയാണ് തൃശൂരും കൊല്ലത്തും നടപ്പാക്കി വരുന്നത്.എന്നാല്‍ യു.ഡി.എഫ്. ഭരണം മാറിയതോടെ കോട്ടയത്തെ പദ്ധതി മാത്രം മുന്നോട്ട് പോയില്ല. പിന്നീട് നിര്‍മാണം പുര്‍ത്തീകരിക്കുന്നതിന് കലക്‌ട്രേറ്റില്‍ 11 തവണ ഉന്നതതലയോഗം ചേര്‍ന്നു. ഒരോ യോഗത്തിലും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതിനിധികളുടെ ഉറപ്പ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മെയ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുകയില്‍ ഒരു വിഹിതം എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ജില്ലാ കലക്റ്ററുടെ കത്ത് കിട്ടി. തുക അനുവദിക്കാന്‍ തയാറാണെന്ന് കാണിച്ചുകൊണ്ട് ജില്ലാ കലക്റ്റര്‍ക്ക് മറുപടി കത്തും അയച്ചു. ഇത്രയും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ആകാശപ്പാതയ്ക്ക് സാങ്കേതിക പിഴവാണെന്ന ആരോപണവുമായി ചിലര്‍ രംഗത്ത് വന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഇതിന്റെ ഉദ്ദേശം ഈ പദ്ധതിയുടെ നിര്‍മാണം മുടക്കുക എന്ന ലക്ഷ്യം മാത്രമാണ്. കോട്ടയം നിവാസികള്‍ക്ക് വികസന പദ്ധതികള്‍ അന്യമാക്കുക എന്നതാണ് ഇത്തരം പ്രചരണത്തിന് പിന്നിലെ ലക്ഷ്യം. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതും എല്‍എല്‍എ ഫണ്ട് ഉപയോഗിച്ചാണ്. നേരത്തെ തയാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമല്ലാതെ വന്നതോടെയാണ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. ആകാശപ്പാത പദ്ധതിക്ക് പുറമേ നിരവധി പദ്ധതികളാണ് കോട്ടയത്ത് മുടങ്ങിക്കിടക്കുന്നത്. താലൂക്ക് ഓഫീസ്, നട്ടാശേരി റഗുലേറ്റര്‍ കം ബ്രിഡ്ജ്, കഞ്ഞിക്കുഴി മേല്‍പ്പാലം, ചിങ്ങവനം സ്‌പോര്‍ട്സ് കോളെജ്, ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, വെളളൂത്തുരുത്തി പാലം എന്നിവയുടെ എല്ലാം നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ സർക്കാരിനെ വിമർശിക്കാതെയായിരുന്നു പറഞ്ഞത്. വികസനമാണ് ലക്ഷ്യമെന്ന് എപ്പോഴും ആവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്തെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.