കെ.കൃഷ്ണമുർത്തി
അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ തുടരുകയാണ്. ഇവർക്ക് നാലു മക്കളാണ് ഉള്ളത്. മുത്ത മൂന്നു പെൺമക്കൾക്കും നട്ടെല്ലിനെ ബാധിക്കുന്ന “സ്കോളിയാസിസ്” രോഗവും 6 വയസുള്ള ളളയ മകന് പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയതാേടെ റെജിയും ഭാര്യയും മാനസികമായും തളർന്നു. അരുന്ധതിയുടെ പിതാവും ഇവരോടൊപ്പമാണ് താമസം. 74 വയസുള്ള പിതാവിന്റെ ഒരു വൃക്ക പൂർണ്ണമായും രണ്ടാമത്തെ വൃക്ക 10 ശതമാനമാെഴികെയും പ്രവർത്തന രഹിതമായി. റെജിയുടെ 19 വയസുള്ള മൂത്ത മകൾ 2019 -ൽ നാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി ആയിരുന്നു. അരുന്ധതി കവിയത്രി കൂടിയാണ്. ഈ മികച്ച കലാ കുടുംബമാണ് ഇന്ന് കണ്ണീരുമായി കഴിഞ്ഞു കൂടുന്നത്. പള്ളിക്കാരുടെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ മുറിയിലാണ് താമസിക്കുന്നത്. ഇവിടെ താമസിച്ചാണ് കാൻസർ റേഡിയേഷൻ അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സ നടത്തിവരുന്നത്. ഒട്ടനവധി കുടുംബങ്ങൾക്ക് അത്താണിയായ മലയാളി സമൂഹം ഇവരെയും ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ച് നടത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇവർക്ക് കയറിക്കിടക്കാൻ സ്വന്തമായി വീടു പോലും ഇല്ലെന്നതാണ് വാസ്തവം. അരുന്ധതി മധുമേഘയുടെ ബാങ്ക് അക്കൗണ്ട് നമ്പർ: 37593055585, ഐ.എഫ്.എസ്.സി- എസ്.ബി.ഐ.എൻ.SBIN0008588. ഗൂഗിൾ പേ നമ്പർ – 9539308809 (റെജി ശങ്കർ)