Timely news thodupuzha

logo

‘പ്രശ്നം വഷളാക്കി, പൊതുസമൂഹത്തോട് മാപ്പുചോദിക്കുന്നു’; ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി കെഎസ്ആര്‍ടിസി സിഎംഡി

തിരുവനന്തപുരം: കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനുമെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ മാപ്പുചോദിച്ച് എംഡി ബിജു പ്രഭാകര്‍. 

ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്ന് എംഡി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

‘കടുത്ത  പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ  ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു‘- കുറിപ്പില്‍ പറയുന്നു.

അതേസമയം, സംഭവത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടി കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയില്‍. ജീവനക്കാരുടെ പെരുമാറ്റം പ്രശ്‌നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ബിജു പ്രഭാകര്‍ മറുപടി നല്‍കിയത്. പാസ്സുമായി ബന്ധപ്പെട്ട് പ്രേമനന്‍ അല്‍പ്പം കയര്‍ത്ത് സംസാരിച്ചപ്പോള്‍ പൊലീസ് സഹായം തേടിയില്ല, ഇതിന് പകരമായി സ്വന്തം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *